അന്തർധാര ഇല്ലായിരുന്നുവെങ്കിൽ താനടക്കം ഏഴ് ബിജെപി എംഎൽഎമാർ ഉണ്ടാകുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നുവെങ്കിൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ താനടക്കം ഏഴ് എൻഡിഎ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇരുകൂട്ടരും ഇതുവരെ കേരളത്തിൽ ഒന്നിച്ച് മത്സരിച്ചിട്ടില്ലെന്നേയുള്ളു. അന്തർധാര സജീവമാണ്. 2016 തെരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരുകൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു
കേരളത്തിലെ പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരും ഈ അന്തർധാരയെ പൊളിക്കുന്ന കാലം കവരും. ഈ മുഖംമൂടി വെച്ചു കൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാൻ ഈ ഭരണ, പ്രതിപക്ഷത്തിന് കഴിയില്ല. മാസപ്പടി വിവാദത്തിൽ വലിയ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. വീണ പണം വാങ്ങിയിട്ടുണ്ട്. അച്ഛൻ വാങ്ങിയ പണത്തിന്റെ വിവരമുള്ള പേജ് കീറിപ്പോയിട്ടുണ്ട്. കേരള നിയമസഭയിൽ പ്രതിപക്ഷത്തെ കൊണ്ട് പറയിക്കാനുള്ള നിലപാട് ഇവിടുത്തെ ജനം എടുക്കുമോയെന്ന് നമുക്ക് കാണാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.