തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം
Updated: Jun 17, 2023, 12:27 IST

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്ത് കടന്നുവെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണാനില്ല. ഹനുമാൻ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിൽ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോയത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ മരത്തിലേക്ക് കയറി കുരങ്ങ് അകന്നുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ കുരങ്ങ് മൃഗശാലയിലേക്ക് തിരികെ എത്തി. കഴിഞ്ഞ രണ്ട് ദിവസമായി മരത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.