കൊലക്കേസ് പ്രതികളായ രണ്ട് തടവുകാർക്ക് എൽഎൽബി റഗുലർ കോഴ്‌സ് പഠിക്കാൻ ഹൈക്കോടതിയുടെ അനുമതി

ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി.ലഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്.
പി.സുരേഷ് ബാബു, വി.വിനോയി എന്നിവർക്കാണ് എൽ എൽ ബി പഠിക്കാൻ അനുമതി. രണ്ടുപേരും കൊലക്കേസ് പ്രതികളാണ്. ചീമേനിയിലെ തുറന്ന ജയിലിലാണ് സുരേഷ്. വിനോയ് കണ്ണൂർ സെൻട്രൽ ജയിലിലും. പ്രവേശന പരീക്ഷയെഴുതി ഇരുവരും നിയമബിരുദ പഠനത്തിന് യോഗ്യത നേടുകയായിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്നും പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയിൽ എത്തിയത്.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തടവുകാരന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നതിനാൽ പഠനത്തിന് സൗകര്യമൊരുക്കാമെന്നും കോടതി വ്യക്തമാക്കി. ഓൺലൈനായി ക്ലാസിലിരിക്കാം. അതിന് ജയിൽ സൂപ്രണ്ടുമാരും കോളേജ് പ്രിൻസിപ്പൽമാരും സൗകര്യമൊരുക്കണം. റെഗുലർ ക്ലാസിന് തുല്യമായി ഇത് പരിഗണിക്കണം. മൂട്ട് കോർട്ട്, ഇന്റേൺഷിപ്പ് സെമിനാറുകൾ എന്നിവയ്ക്കെല്ലാം കോളേജിലെത്തേണ്ടി വരും. ഒരു ലക്ഷം രൂപയുടെ ബോണ്ടിൻമേൽ ജയിൽ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.