നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുനൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

high court

നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോടതി അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സ്‌കൂൾ ബസുകൾ പൊതുയാത്രക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി

നവംബർ 18 മുതൽ ഡിസംബർ 23 വരെ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. എന്നാൽ സംഘാടകർ ആവശ്യപ്പെട്ടാൽ പൊതു ആവശ്യമാകുമോയെന്ന് കോടതി ചോദിച്ചു. സ്‌കൂൾ ബസുകൾ കുട്ടികളുടെ യാത്രക്കും സുരക്ഷക്കും വേണ്ടിയാണ്. അത് വിദ്യാഭ്യാസേതര ആവശ്യത്തിന് ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. ഇത് വിശദീകരിച്ച ശേഷമേ ബസുകൾ വിട്ടുനൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളുവെന്നും കോടതി പറഞ്ഞു
 

Share this story