കണ്ണൂരിൽ ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റൻ മരം പതിച്ചു; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റൻ മരം പതിച്ചു; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂരിൽ ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റൻ മരം വീണു. ബസിന്റെ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന് മുകളിലേക്ക് കൂറ്റൻ മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യം പതിഞ്ഞത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള പാട്യത്താണ് സംഭവം.
ചെറുവാഞ്ചേരിയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെയായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുമായി ബസ് റോഡിലൂടെ പോകുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. കൂറ്റൻ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.