ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ എ എ അബ്ദുൾ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങൾ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവിൽ പറയുന്നത്.

റിപ്പോർട്ടിനുള്ളിൽ സ്ഫോടനാത്മകമായ വിവരങ്ങളുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിലുണ്ടെന്ന് വിശദീകരിച്ചാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. വിലക്കപ്പെട്ട വിവരങ്ങൾ ഒഴികെയുള്ളവ മറച്ചുവെക്കരുതെന്നും ഉത്തരവ് പൂർണമായി നടപ്പിലാക്കിയെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മിഷൻ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിഷൻ റിപ്പോർട്ട് 2019ലാണ് സർക്കാരിന് കൈമാറിിയിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ൽ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്.
 

Share this story