പരാതിക്കാരിയുടെ കത്ത് കണ്ടിട്ടില്ല; ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നൽകിയിട്ടില്ല: ഗണേഷ് കുമാർ

സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. ഇതുവരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ല. ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ്
ആരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഉമ്മൻ ചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ല. ഏത് സിബിഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നിൽക്കേണ്ട ആവശ്യവുമില്ല. 2013ൽ രാജിവെച്ച് പുറത്തുപോയത് വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ്.
സോളാർ കേസിന്റെ സമയത്ത് പല കോൺഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണമെന്ന് വിളിച്ചു പറഞ്ഞ കോൺഗ്രസുകാർ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. പരാതിക്കാരിയുടെ കത്ത് അച്ഛൻ ബാലകൃഷ്ണ പിള്ള കണ്ടിരുന്നു. കത്തിൽ ഒ സിയുടെ പേരില്ലെന്നാണ് മരിക്കും മുമ്പ് അച്ഛൻ പറഞ്ഞതെന്നും ഗണേഷ് കുമാർ പറഞ്ഞു.