മലബാർ എക്‌സ്പ്രസിലും ഒരു സ്ലീപ്പർ കോച്ച് മാറ്റി എ സി കോച്ചാക്കുന്നു; മാറ്റം ഇന്ന് മുതൽ

കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എ സി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവേ. സംസ്ഥാനത്ത് ഓടുന്നതിൽ ഏറ്റവും തിരക്കേറിയ ട്രെയിനുകളിൽ ഒന്നായ മലബാർ എക്‌സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നീക്കം.
കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളാണ് റെയിൽവേ മാറ്റിയത്. മാവേലി എക്‌സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞാഴ്ച പ്രാബല്യത്തിൽ വന്നു. മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് എ സി കോച്ചായി മാറും.
നിലവിൽ 10 സ്ലീപ്പർ കോച്ചുകളും നാല് എസി ത്രീ ടയർ കോച്ചുകളുമാണ് മലബാറിലുള്ളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകൾ എസി ത്രീ ടയർ കോച്ചിലേക്ക് മാറ്റും. എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയാണ് റെയിൽവേയുടെ നയം.