പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവം; കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തി: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Suspension

തിരുവനന്തപുരം: പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരായ ജയരാജ്‌,രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യ നിർവഹണത്തിൽ വീഴ്ച്ച സംഭവിച്ചതിനാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.

പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആക്രമിച്ച വിവരം വിളിച്ചു പറഞ്ഞിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയില്‍ ഇന്ന് തന്നെ നപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചിരുന്നു.

കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.

Share this story