ഇന്ത്യക്കാരെ ഒഴിപ്പിക്കും; സുഡാൻ ദൗത്യത്തിന് തയ്യാറാകാൻ വ്യോമ, നാവിക സേനകൾക്ക് നിർദേശം

sudan

സുഡാൻ ദൗത്യത്തിന് തയ്യാറായി നിൽക്കാൻ ഇന്ത്യൻ വ്യോമ-നാവിക സേനകൾക്ക് നിർദേശം. വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗം ഒഴിപ്പിക്കുന്നതിനാണ് കൂടുതൽ ആലോചന. സൗദിയിലേക്കോ ഈജിപ്തിലേക്കോ സുഡാനിലുള്ള ഇന്ത്യക്കാരെ എത്തിച്ച ശേഷം വ്യോമമാർഗം നാട്ടിലെത്തിക്കാനാണ് ശ്രമം

കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരുന്നു. സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി സങ്കീർണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് നിർദേശിച്ചത്

മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്നത്. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി സമ്പർക്കം നിലനിർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. സുഡാനിൽ മലയാളിയായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
 

Share this story