സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന് പറഞ്ഞത് തെറ്റായ വിവരത്തിൽ; തിരുത്തലുമായി മന്ത്രി സജി ചെറിയാൻ

സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അത്ഭുതപ്പെടുത്തിയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന തന്റെ പരാമർശം തെറ്റായ വിവരത്തിൽ നിന്ന് സംഭവിച്ചതാണ്. ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു
സൗദിയിൽ പോയപ്പോൾ ഞാൻ വിചാരിച്ച് ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരം അറിയുമെന്ന്. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ പൊതുയിടത്തിൽ ശല്യമാണ്. അത് പാടില്ല, അതാണ് നിയമം. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. എന്നായിരുന്നു മന്ത്രിയുടെ വിവാദമായ വാക്കുകൾ
മന്ത്രിയുടെ കുറിപ്പ്
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.