കെ റെയിൽ വീണ്ടും സജീവമാകുന്നു: ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും

sreedharan

സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദേശങ്ങൾ ഗൗരവത്തിലെടുത്ത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത് തന്നെ ശ്രീധരനുമായി ചർച്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആർ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപിയും ശ്രീധരന്റെ ബദൽ നിർദേശം പരിഗണിച്ചതോടെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ പദ്ധതി അപ്രായോഗികമാണെന്നും ഡിപിആർ മാറ്റണമെന്നും ശ്രീധരൻ പറഞ്ഞിരുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇതുവഴി ചെലവ് വൻതോതിൽ കുറയും. ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ശ്രീധരൻ നിർദേശിച്ചിരുന്നു. 

പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവേ മന്ത്രിയും പറഞ്ഞിരുന്നു. ഇതോടെയാണ് ശ്രീധരന്റെ നിർദേശം സർക്കാർ ഗൗരവത്തിലെടുക്കുന്നത്. ശ്രീധരന്റെ കേന്ദ്രത്തിലെ സ്വാധീനമടക്കം ഉപയോഗിക്കാനാണ് സർക്കാരിന്റെ ശ്രമം
 

Share this story