സിപിഎം തന്നെ ആറ് തവണയെങ്കിലും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ

K Sudhakaran

സിപിഎം തന്നെ ആറ് തവണയെങ്കിലും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന പുതിയ ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാൻ ഗൂഡാലോചന നടത്തിയവർ പാർട്ടിയിലും സർക്കാരിലും ഉന്നത സ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുകയാണെന്നും സുധാകരൻ ആരോപിച്ചു

പയ്യന്നൂർ, താഴെ ചൊവ്വ, മേലേ ചൊവ്വ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങൾ താൻ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചു വരാതിരുന്നും കാറിന്റെ നമ്പർ പ്ലേറ്റ് മാറിയും കാർ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെട്ടത്. 

ഇപ്പോൾ തനിക്കെതിരെ മൊഴി നൽകിയ പ്രശാന്ത് ബാബു കൂത്തുപറമ്പിൽ വീടുവാങ്ങിയപ്പോൾ ഗൃഹപ്രവേശനത്തിന് തന്നെ നിർബന്ധിച്ച് വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോൾ ഒരു സിപിഎമ്മുകാരൻ തന്റെ പിഎയെ വിളിച്ച് പോകരുതെന്ന് വിലക്കി. സത്യമറിയാൻ ഒരു പാർട്ടി പ്രവർത്തകനെ സൈക്കിളിൽ അയച്ചു. വഴിമധ്യേ ഒരു ക്വാറിയിൽ സിപിഎമ്മുകാർ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടതെന്നും സുധാകരൻ ആരോപിക്കുന്നു.
 

Share this story