പിണറായിക്കെതിരായ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

പിണറായി വിജയൻ എറണാകുളം ദേശാഭിമാനി ഓഫീസിൽ വെച്ച് 2.35 കോടി രൂപ കൈതോലപ്പായയിൽ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവിൽ കാറിൽ കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിലും പിണറായിയുടെ വലംകൈയായുള്ള ഭൂമാഫിയ 1500 ഏക്കർ സ്വന്തമാക്കിയെന്നുള്ള മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലും അന്വേഷണവിധേയമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മല പോലുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണി വെളിപ്പെടുത്തലുകൾ എന്ന് സുധാകരൻ ആരോപിച്ചു
വ്യാജപരാതികളുടെ അടിസ്ഥാനത്തിൽ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമപ്രവർത്തകർക്കും എതിരെ ഉടനടി കേസെടുക്കുന്ന കേരളാ പോലീസിന് ജി ശക്തിധരന്റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ല. ദേശാഭിമാനിയുടെ കൊച്ചിയിലെ ഓഫീസിൽ നടന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹം കൂടി എണ്ണിത്തിട്ടപ്പെടുത്തുകയും അത് പൊതിഞ്ഞുകൊണ്ടുപോകാൻ കൈതോല പായ വാങ്ങി കൊണ്ടുവരികയും ചെയ്തു. പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോൾ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോടു കൂടിയ വെളിപ്പെടുത്തൽ കേരളത്തിലുണ്ടായിട്ടില്ല. ആ പണം ഇരുട്ടിൽ അപ്രത്യക്ഷമായെന്നും വെളിപ്പെടുത്തലിലുണ്ട്.
പാർട്ടിക്കു ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയിയെന്നത് പാർട്ടിക്കുപോലും അറിയാത്ത വലിയൊരു ചോദ്യചിഹ്നമാണ്. എന്നാൽ ഇതു സംബന്ധിച്ച സൂചനകൾ ലഭിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള സന്ധ്യാ രവിശങ്കർ എന്ന മാധ്യമ പ്രവർത്തക പുറത്തുകൊണ്ടു വന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനായി മുദ്രകുത്തിയ പിണറായിയുടെ വലംകൈ ഫാരിസ് അബുബക്കർ, ശോഭ ഡവലപ്പേഴ്സ് എന്നിവരുമായി ചേർന്ന് 1500 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിട്ടുണ്ട് എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രേഖകൾ സഹിതം പുറത്തുവന്നത്. കേരളത്തെ കൊള്ളയടിച്ച ഈ ഇടപാടും അന്വേഷണ വിധേയമാക്കണമെന്നു സുധാകരൻ ആവശ്യപ്പെട്ടു