പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ സുധാകരൻ

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കിയതിനെതിരെ പ്രതികരണവുമായി കെ സുധാകരൻ. നിയമപരമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. കേസിൽ തനിക്ക് ഒരു പങ്കുമില്ല. ആദ്യത്തെ സ്റ്റേറ്റ്‌മെന്റിൽ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ചികിത്സക്കായാണ് മോൻസന്റെ വീട്ടിൽ പോയത്. ഒപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്‌നം
ക്രൈംബ്രാഞ്ച് നോട്ടീസ് കിട്ടിയത് മൂന്ന് ദിവസം മുമ്പാണ്. നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നതിൽ സംശയമില്ല. ഒരുപാട് കൊള്ളയടിച്ച കേസിൽ ജയിലിൽ കിടക്കേണ്ടയാളാണ് മുഖ്യമന്ത്രി. കേസിൽ പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മൂഡസ്വർഗത്തിലാണ്. പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.