വർക്കലയിൽ കല്യാണവീട്ടിൽ കയ്യാങ്കളി; വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വെച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരടങ്ങിയ നാലംഗ സംഘം വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാവ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയാണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളമുണ്ടാക്കി, പിന്നീട് വീട്ടിലേക്കെത്തി
ജിഷ്ണുവും ശ്രീലക്ഷ്മിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ശ്രീലക്ഷ്മി ഈ ബന്ധം അവസാനിപ്പിച്ചു. പുലർച്ചെ വീട്ടിലെത്തി ബഹളം വെച്ചതോടെ ശ്രീലക്ഷ്മി ഇവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് രാജുവിനെ അടിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.