കളമശേരി സ്‌ഫോടനം; വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി

Police

കളമശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.

കളമശേരി സ്ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ വർഗീയ ചുവയോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയിൽ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് സ്വമേധയും കേസുകൾ എടുത്തിട്ടുണ്ട്. പത്തനംതിട്ടയിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തു. കോഴഞ്ചേരി സ്വദേശി റിവ ഫിലിപ്പിനെതിരെയാണ് കേസ്.

സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഡിജിപിക്ക്‌ പരാതി നൽകി. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ബിജെപി നേതാവ് സന്ദീപ് വാര്യർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയ, കർമ്മ ന്യൂസ്‌ ഓൺലൈൻ ചാനൽ, ‘കാസ’ സാമൂഹിക മാധ്യമ പേജ് എന്നിവയ്ക്കെതിരെയാണ് പരാതി. നൂറോളം വിദ്വേഷ പോസ്റ്റുകൾ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.

Share this story