കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗി കത്തിനശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് നടപടി.
ഇയാളുടെ വിരലടയാളങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബിപിസിഎല്ലിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സ്റ്റേഷന് സമീപത്ത് കറങ്ങി നടക്കുന്നതായാണ് മൊഴി. ഉടൻ തന്നെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗിയിൽ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച്ച രാത്രി 11.07 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിൽ നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്തെ കോച്ചിലാണ് പുലർച്ചെ 1. 27 ഓടെ തീ പടർന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ അപായ സൈറൻ മുഴക്കി അധികൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്.