കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ല: സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍

Arif Muhamad

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘സുപ്രീം കോടതി എന്തു പറഞ്ഞാലും അത് എല്ലാവര്‍ക്കും ബാധകമാണ്. അത് അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ഇന്നു സുപ്രീം കോടതി കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. പൊതുഖജനാവിനു ചെലവു വരുന്ന ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി തേടണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. സര്‍വകലാശാലാ ബില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘഠനാ ലംഘനത്തിന് ഞാന്‍ കൂട്ടുനില്‍ക്കണമെന്നാണോ പറയുന്നത്,’ ഗവര്‍ണര്‍ ചോദിച്ചു.

നേരത്തെ, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ്, ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു

Share this story