കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാൻ എഡിജിപി നിർദേശം നൽകി. കഴിഞ്ഞ ദിവസം ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക പെർഫോമ തയാറാക്കിയും ക്യാംപുകളിൽ നേരിട്ടെത്തിയും വിവരം ശേഖരിക്കുമെന്നാണ് വിവരം.
കാലങ്ങളായി വിവിധ ജോലികൾക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തിയിരുന്നെങ്കിലും അവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പൊലീസിനോ ഉണ്ടായിരുന്നില്ല. അവർക്ക് നിലവില്‍ രജിസ്ട്രേഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് പോലുമില്ലാത്ത സാഹചര്യമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ആലുവയില്‍ 5 വയസുകാരിയെ ഇതര സംസ്ഥാനക്കാരൻ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ നിയമനിര്‍മാണം സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിലാണിപ്പോൾ പൊലീസ് നടപടി. ഇതിനു പിന്നാലെയാണ് എസ്പിമാരുടെ യോഗത്തിൽ എഡിജിപി എം.ആര്. അജിത് കുമാര്‍ വിവരശേഖരണം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഓരോ സ്റ്റേഷന് പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം. ജില്ലാ പൊലീസ് മേധാവികള്‍ ഇത് ശേഖരിക്കണം. ക്യാംപുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. പിന്നാലെ ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. നിയമ നിർമാണത്തിന് ശേഷം ലേബർ വകുപ്പിന്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വ്യവസ്ഥകൾ നിർബന്ധമാക്കുമ്പോൾ കുറ്റവാളികളെത്തുന്നത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.