കൊല്ലത്ത് പെട്രോൾ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഇന്ധനം പൂർണമായി മാറ്റി
Updated: Jun 4, 2023, 08:54 IST

കൊല്ലം എം സി റോഡിൽ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പൂർണമായി മാറ്റി. എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി ഉയർത്തി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് ലോറി ഉയർത്തിയത്
വയക്കലിൽ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. തുടർന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിൽ നിന്നുള്ള എമർജൻസി റെസ്‌ക്യൂ വാഹനമെത്തിച്ച് അതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ട് മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷമാണ് ഇന്ധനം പൂർണമായി മാറ്റാൻ കഴിഞ്ഞത്. പെട്രോൾ ടാങ്കറാണ് അപകടത്തിൽ പെട്ടത്.