ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടില്ലെന്ന് കെ-റെയ്ല്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അർധ അതിവേഗ പാതാ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി എന്നതു തെറ്റായ പ്രചരണമാണെന്ന് കെ- റെയ്ല്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്.
അലൈന്മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അനധികൃതം എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കെ- റെയ്ല് ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഭൂമി ഏറ്റെടുക്കാന്‍ കെ- റെയ്ലിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റെയ്ല്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞത്. ഭൂമി ഏറ്റെടുക്കാന്‍ കെ- റെയില്‍ നടപടി ആരംഭിച്ചിട്ടില്ല. അന്തിമാനുമതി കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന് സംസ്ഥാന സര്‍ക്കാരും കെ- റെയ്ലും നേരത്തെ വ്യക്തമാക്കിയതുമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് 5ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്. അതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ അലൈന്മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. അതിന് കേന്ദ്ര സര്‍ക്കാരിന്റെയോ റെയ്ല്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. വിശദമായ പദ്ധതിരേഖ (ഡിപിആര്‍) റെയ്ല്‍വേ ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനയ്ക്കു ശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റെയ്ല്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്- ഫെയ്സ് ബുക്ക് കുറിപ്പില്‍ കെ- റെയില്‍ വ്യക്തമാക്കുന്നു.