തൃശ്ശൂർ കയ്പമംഗലത്ത് 11 കെവി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
Nov 6, 2023, 15:24 IST

കയ്പമംഗലത്ത് 11 കെവി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേ ബസാർ സ്വദേശി തമ്പി(45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. എരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെവി ലൈനിലെ ഇൻസുലേറ്റർ മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
ലൈൻ ഓഫ് ചെയ്ത് ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ എങ്ങനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ ചെന്ത്രാപ്പിന്നിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.