കുഞ്ഞൂഞ്ഞ് അവസാനമായി തിരുവനന്തപുരത്ത് എത്തി; വൻ ജനാവലിയുടെ അകമ്പടിയോടെ വസതിയിലേക്ക്

oommen

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയണ് മൃതദേഹം തിരുവനന്തപുരം വിമാനത്തവളത്തിൽ എത്തിച്ചത്. ഇവിടെ നിന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്

വസതിയിൽ നിന്നും നാല് മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പൊതുദർശനം. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വെക്കും. രാത്രി തിരികെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുവരും

ബംഗളൂരുവിൽ മുൻ മന്ത്രി ടി ജോണിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.
 

Share this story