പ്രിയ സുഹൃത്തിനെ കാണാൻ ലാൽ എത്തി; സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു

Lal

കൊച്ചി: ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ പ്രിയ സുഹൃത്ത് ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എം ജി ശ്രീകുമാർ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് സിദ്ധിഖുള്ളത്. അദ്ദേഹത്തെ കാണാൻ എത്തിയ മേജർ രവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

'ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടയില്‍ കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാന്‍ പറ്റൂ,' മേജര്‍ രവി പറഞ്ഞു.

എക്മോ സപ്പോർട്ടിലാണ് സിദ്ദിഖ് ഉള്ളതെന്ന് നേരത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

Share this story