ക്രമസമാധാനം പൂർണമായും തകർന്നു; കേരളത്തിൽ ജീവിക്കാനാകാത്ത അവസ്ഥയെന്ന് കെ സുരേന്ദ്രൻ

K Surendran

ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു

സ്ത്രീകൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്.

ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയ്ക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ട്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story