അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പിഞ്ചുകുട്ടികളും ഒറ്റയ്ക്ക്; സഹായവുമായി പാനൂർ ജനമൈത്രി പോലീസ്

അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പിഞ്ചുകുട്ടികളും ഒറ്റയ്ക്ക്; സഹായവുമായി പാനൂർ ജനമൈത്രി പോലീസ്

അടച്ചുറപ്പില്ലാത്ത വീട്ടിൽ രണ്ട് പിഞ്ചു കുട്ടികളുമായി താമസിച്ച യുവതിക്ക് സഹായവുമായി പോലീസെത്തി. പന്ന്യന്നൂർ പഞ്ചായത്തിൽ മനേക്കര കുറ്റേരിയിൽ താമസിക്കുന്ന മഠത്തിൽ ഷീനക്കും കുട്ടികൾക്കുമാണ് പാനൂർ ജനമൈത്രി പോലീസ് സഹായവുമായി എത്തിയത്.

ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് നിത്യജീവിതത്തിന് പോലും കഷ്ടപ്പെടുന്ന കുടുംബമാണിത്. ലോക്ക് ഡൗൺ കാലത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ പോലീസിന് മനസ്സിലായത്. വീടിന് ജനലോ വാതിലുകളോ ഉണ്ടായിരുന്നില്ല. ചെറിയ മഴ പെയ്താൽ പോലും ചോർന്നൊലിക്കുന്ന വീടുമാണ് ഇവർക്കുള്ളത്.

സിഐ ഫായിസലിയുടെ നേതൃത്വത്തിൽ പോലീസ് സംഘം വീടിന് ആവശ്യമായ ജനലുകളും വാതിലുകളും നിർമിച്ചു നൽകി. ജനമൈത്രി ഗ്രൂപ്പിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് ഇതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകിയത്.

ലോക്ക് ഡൗണിന് ശേഷം വീടിന്റെ ബാക്കിയുള്ള പണികളും തീർക്കും. ഷീനയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ജനമൈത്രി പോലീസ് ഏറ്റെടുക്കും. സഹായം നൽകുന്ന ചടങ്ങിൽ സിഐ ഫായിസലി, ജനമൈത്രി ഓഫീസർമാരായ ദേവദാസ്, സുജോയ്, സാമൂഹ്യപ്രവർത്തകൻ ഒ ടി നവാസ് എന്നിവർ പങ്കെടുത്തു.

Share this story