ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യക്ക് ജാമ്യം നിഷേധിച്ചു

ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യക്ക് ജാമ്യം നിഷേധിച്ചു

നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്കാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. കണ്ണൂർ സിറ്റിക്കടുത്ത തയ്യിലില്‍ ഒന്നര വയസ്സുകാരനായ വിയാനെന്ന സ്വന്തം മകനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയ്ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ശനിയാഴ്ച്ച രാവിലെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

റിമാന്റ് തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ശരണ്യ അഭിഭാഷകന്‍ മുഖേന നല്‍കിയ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. ബി. കലാംപാഷ തള്ളുകയായിരുന്നു. ഈ കഴിഞ്ഞ ഫ്രെബ്രുവരി 17-ന് രാവിലെയാണ് തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ എടുത്തു കൊണ്ടുപോയി കടലില്‍ എറിയുകയായിരുന്നു.

കൊലക്കുറ്റം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ശരണ്യക്കെതിരെ അന്വേഷണ സംഘം കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. ശരണ്യയെ മുന്‍നിര്‍ത്തി രണ്ടാം പ്രതി നിധിന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ കൂട്ടുപ്രതിയായ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിന് തലശ്ശേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

സിറ്റി സി ഐയുടെ നേത്യത്വത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കൊല നടത്തിയത് അമ്മ ശരണ്യ തന്നെയാണെന്ന് കണ്ടെത്തിയത്. ഇതിനായി ഭർത്താവിന്റെ കൂട്ടുകാരനായ പ്രതിയുമായി ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തിയ മണൽത്തരികളും കേസിന് നിർണായക തെളിവായി മാറി. തയ്യിലിലെ മത്സ്യതൊഴിലാളി കുടുംബത്തിലെ അംഗങ്ങളിലൊരാളാണ് ശരണ്യ. ഇവരെ ശാരീരികപരമായും സാമ്പത്തികപരമായും ചൂഷണം ചെയ്യുന്നതിനായി കാമുകൻ നിധിൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിധിൻ ശരണ്യയുടെ സ്വർണാഭരണങ്ങൾ കണ്ണൂർ നഗരത്തിനടുത്തെ ഒരുസഹകരണ ബാങ്കിൽ പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ തുടക്കത്തിൽ ഭർത്താവിന്റെ തലയിൽ കുറ്റം കെട്ടി വയ്ക്കുന്ന നിലപാടിലായിരുന്നു ശരണ്യ എന്നാൽ ചോദ്യം ചെയ്യൽ മുറുകിയതോടെ ഇവർ കുരുങ്ങുകയായിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിനായി ശരണ്യ ഭർത്താവിനു മേൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം ആരോപിക്കുകയായിരുന്നു സിറ്റി.സി.ഐയുടെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിയത്. കേസിൽ ശരണ്യയെ ഒന്നാം പ്രതിയാക്കി കൊണ്ടും കാമുകൻ നിധിനിനെ രണ്ടാം പ്രതിയാക്കി കൊണ്ടാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചത്.

Share this story