അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് സുരക്ഷിതമായ കിടപ്പാടം നൽകും – മന്ത്രി എ.കെ ശശീന്ദ്രൻ

അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് സുരക്ഷിതമായ കിടപ്പാടം നൽകും – മന്ത്രി എ.കെ ശശീന്ദ്രൻ

ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായ കിടപ്പാടം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സ്ഥലലഭ്യത അനുസരിച്ച് ഫ്ളാറ്റ് രീതിയിലാണ് ഭവനനിർമാണം പൂർത്തിയാക്കുക. നിലവിലെ ജീവിത ചുറ്റുപാടുകൾ ഉപേക്ഷിച്ച് സർക്കാർ ആവിഷ്‌കരിച്ച പരിപാടിയുമായി സഹകരിച്ച് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സഹകരണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട താക്കോൽ ദാനവും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 14 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ.് അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് 25 കുടുംബങ്ങളെ വീതം ഓരോ ഫ്ളാറ്റിലും താമസിപ്പിക്കാൻ സാധിക്കും. ലൈഫ് പദ്ധതിയിലുൾപ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് മുഖ്യമന്ത്രി നടത്തുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികളുമായി ജനങ്ങൾ സഹകരിച്ച് മാലിന്യമുക്തകേരളം എന്ന സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അജിത അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 17 ഭവനങ്ങൾക്ക് പുറമേ രണ്ടാംഘട്ടത്തിൽ 49 വീടുകളാണ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങളെ ഉപയോഗപ്പെടുത്തി വീടുകളിൽ നിന്ന് കഴുകി ഉണക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും കളക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിച്ച് തരംതിരിച്ച് സംസ്‌കരണ പ്ലാന്റിലേക്ക് കയറ്റി അയക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ബാലൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി ഉഷ, സ്ഥിരം സമിതി അംഗങ്ങളായ ശോഭനകുമാരി, കുമ്മങ്ങൽ അഹമ്മത്, ഉഷ കുമാരി കരിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഷാജി പുത്തലത്ത്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഇ സുമ, പഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Share this story