കൊറോണ വൈറസ്; ബോധവത്ക്കരണം നൽകും

ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗം ചേർന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ബോധവത്ക്കരണം നൽകണമെന്ന് യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി നിർദേശിച്ചു. ഹാന്റ് സാനിറ്റൈസർ, ട്രിപ്പിൾ ലെയർ മാസ്‌ക് എന്നിവ എല്ലാ ആശുപത്രികളും കരുതിവയ്ക്കണം. ചൈന കൂടാതെ പത്തോളം രാജ്യങ്ങളിൽ കൊറോണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ടൂറിസം ഓപ്പറേറ്റർമാർക്കും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുന്നതിന് നിർദേശം നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു.

ഡിസംബർ 31 റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ജനുവരി ഏഴിനാണ് ചൈനയിൽ സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ ചൈനയിൽ നിന്നും കോഴിക്കോട് ജില്ലയിൽ എത്തിയ ആളുകൾ അടുത്തുളള ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്നതിന് നിർദേശം നൽകിയിരുന്നു. 50 പേർ ഇത്തരത്തിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്കാർക്കും തന്ന യാതൊരു രോഗ ലക്ഷണവും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നിർദേശിക്കപ്പെട്ടിട്ടുളള 28 ദിവസം ഇവരെ നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലും മെഡിക്കൽ കോളേജിലും ആവശ്യമങ്കിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.
ചൈനയിൽ നിന്നും കോഴിക്കോട് ജില്ലയിൽ എത്തിയ ആളുകൾ ഉണ്ടെങ്കിൽ അക്കാര്യം ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കൽ ഓഫീസിലെ ഇ.മെയിലിലോ (coronakkd@ gmail.com), 0495 2371471, 0495 2376063 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മറ്റ് വിശദാംശങ്ങൾക്കായി ജില്ലാ സർവലൻസ് ഓഫീസറുടെ 9947068248 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

Share this story