മാലിന്യം ചുരുങ്ങും;ഇനി പൊന്നാനി തിളങ്ങും തെരുവ് നാടകയാത്രക്ക് സ്വീകരണം നൽകി

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള രംഗ ശ്രീയുടെ തെരുവ് നാടകത്തിന് പൊന്നാനി നഗരസഭയിൽ സ്വീകരണം നൽകി. പ്ലാസ്റ്റിക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം നൽകുന്നതിനും, മാലിന്യ സംസ്‌ക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്ന തെരുവ് നാടകത്തിന് മൂന്നിടങ്ങളിലാണ് ആദ്യ ദിനം സ്വീകരണം നൽകിയത്. പൊന്നാനി ഹാർബർ, ഏ.വി.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നാടകം അരങ്ങേറി. ആദ്യ ദിവസത്തെ സമാപനം പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. സമാപനത്തിൽ നഗരസഭക്കായി തുണി സഞ്ചി നിർമ്മിച്ച് നൽകിയ തയ്യൽ തൊഴിലാളികൾക്കുള്ള അനുമോദന പത്ര വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. ചടങ്ങിൽ നഗര പരിധിയിലെ പഴം പച്ചക്കറി വ്യാപാരികൾക്ക് തുണി സഞ്ചികൾ നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അധ്യക്ഷയായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Share this story