അറബിക്കടലിലെ ന്യൂനമർദം തീവ്രമായി; 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകും
Jun 6, 2023, 10:23 IST

അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്ക്-കിഴക്കൻ അറബിക്കടലിലെ ന്യൂനമർദം തീവ്രമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും. കാലവർഷ പുരോഗതിയെ ചുഴലിക്കാറ്റ് അനുകൂലമായി ബാധിക്കുമെന്നും കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കാലവർഷം കേരളത്തോട് കൂടുതൽ അടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും പരക്കെ മഴ ലഭിക്കും.