ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഅദനി ചികിത്സയിൽ തുടരുന്നു; കൊല്ലത്തേക്കുള്ള യാത്ര പിന്നീട്

madani

കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനി ചികിത്സയിൽ തുടരുന്നു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം മഅദനിയെ പരിശോധിക്കും. കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഅദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനി കേരളത്തിലെത്തിയത്

ബിപി കുറഞ്ഞിട്ടില്ല. ശാരിരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്ര ചെയ്യാനാകുന്ന അവസ്ഥയിൽ അല്ല മഅദനി. രാവിലെ ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. ബിപി ഉയർന്ന നിലയിൽ തുടരുകയാണെന്നും വിഎം അലിയാർ പറഞ്ഞു

ഇന്നലെ രാത്രി ഏഴേ കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാർട്ടി പ്രവർത്തകർ വൻ സ്വീകരണം നൽകിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഒമ്പത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 

Share this story