മധു വധക്കേസ്: കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം

മധു വധക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി കോടതി. മജിസ്‌ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയവർക്കെതിരെയാണ് തുടർ നടപടിക്ക് ഉത്തരവിട്ടത്. മൊഴി നൽകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്
ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദൻ, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്ത്, മണികണ്ഠൻ, അനൂപ്, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയത്. കൂറുമാറിയ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറുമാറ്റത്തിന് നടപടി തുടങ്ങണമെന്നാണ് കോടതി ഉത്തരവ്
മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു. എന്നാൽ കോടതിയിൽ ഇത് തിരുത്തി. കാൽ പൊക്കുന്നതാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ നൽകിയത്. കേസിൽ കുറ്റക്കാരായി കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.