മധു വധക്കേസ്: ശിക്ഷ കുറഞ്ഞുപോയത് സർക്കാരിന്റെ പിടിപ്പുകേട് കാരണമെന്ന് കെ സുരേന്ദ്രൻ

മധു വധക്കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിധിക്കെതിരെ ജില്ലാ സെഷൻസ് കോടതിയിൽ സർക്കാർ അപ്പീൽ നൽകണം. കേസിൽ സാക്ഷികളെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു. പോലീസും സർക്കാരും പ്രതികൾക്കൊപ്പം നിൽക്കുകയായിരുന്നു. മധുവിന് നീതി കിട്ടിയെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകൾ കേരളത്തിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധമാണ്
മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാകില്ല. ബിജെപി മധുവിന്റെ കുടുംബത്തിനൊപ്പം നിൽക്കും. 2018ലെ കേസ് ഇത്രത്തോളം നീണ്ടുപോയത് സർക്കാരിന്റെ നിസംഗത കാരണമാണ്. ഒരു വർഷം ഈ കേസ് നോക്കാൻ ജഡ്ജി പോലുമുണ്ടായില്ല. സർക്കാർ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാൽ മൂന്ന് പ്രോസിക്യൂട്ടർമാരാണ് പിൻമാറിയത്. നിലവിലെ പ്രോസിക്യൂട്ടർക്കും ഫീസും സൗകര്യങ്ങളും കൊടുക്കാതെ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർഥതയും മാധ്യമപ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷ പ്രതികൾക്ക് വാങ്ങിച്ചു കൊടുത്തെന്നും സുരേന്ദ്രൻ പറഞ്ഞു