മണിപ്പൂരിലേത് വർഗീയ പ്രശ്‌നമല്ല; ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമെന്ന് അബ്ദുള്ളക്കുട്ടി

മണിപ്പൂരിൽ നടക്കുന്നത് വർഗീയ പ്രശ്‌നമോ, ഹിന്ദു-ക്രൈസ്തവ പ്രശ്‌നമോ അല്ലെന്നും ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാർ കുടുംബശ്രീയെ മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ മഹിളാ മോർച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉഴപ്പുകയാണ്. കാരണം മണിപ്പൂർ കലാപത്തിന്റെ ചരിത്രത്തിൽ കോൺഗ്രസിന്റെ 10 കൊല്ലം 219 സൈനികർ മരിച്ചിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടയിൽ 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളു.
കോൺഗ്രസിന്റെ കാലത്ത് 4700ലധികം കലാപം നടന്നു. ഇപ്പോൾ കലാപം 1600 ആയി കുറഞ്ഞു. മണിപ്പൂരിൽ നടക്കുന്നത് വർഗീയ പ്രശ്‌നമല്ല. ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ്. ബിജെപി വന്നപ്പോൾ അവിടെ സൈനികർ മരിച്ചു വീഴുന്നത് കുറഞ്ഞു. കലാപങ്ങൾ കുറഞ്ഞു. സാധാരണക്കാർ മരിച്ചു വീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.