മണിപ്പൂർ കലാപം: ഡൽഹിയിൽ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും

amit

കലാപം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. ഡൽഹിയിൽ  ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അതേസമയം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ യോഗത്തിൽ പങ്കെടുക്കില്ല. 

മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് ശരദ് പവാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. പവാറിന് പകരം എൻസിപി ജനറൽ സെക്രട്ടറി നരേന്ദ്ര വർമയും മണിപ്പൂർ എൻസിപി അധ്യക്ഷൻ സോറൻ ഇബോയ്മ സിംഗും യോഗത്തിൽ പങ്കെടുക്കും. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല.

സമാധാന ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.

Share this story