കണ്ണൂർ ആറളം ഫാമിൽ വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റ് വെടിവെപ്പ്

കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്. ചാവച്ചി മേഖലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ് പൊലീസ് തണ്ടർബോൾട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അമ്പലപ്പാറയിലെ ക്യാമ്പ് ഓഫീസിലേക്ക് ഭക്ഷണവുമായി പോവുകയായിരുന്ന മൂന്ന് വനംവകുപ്പ് താത്കാലിക വാച്ചർമാർക്ക് നേരെയാണ് വെടിയുതിർത്തത്. അമ്പലപ്പാറയിലേക്ക് പോവുകയായിരുന്ന സംഘത്തിന് മുന്നിലേക്ക് മാവോയിസ്റ്റുകൾ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
ഇതിനിടയിലാണ് മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയിതിർക്കുന്നത്. വനപാലകർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. നിലവിൽ 3 വാച്ചർമാരും വളയം ചാലിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിൽ 5 പേർ ഉണ്ടായിരുന്നതായി വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്. ഇതിൽ രണ്ട് പേരുടെ പക്കൽ തോക്കുകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.