വിദ്യാർഥി കുടിയേറ്റം ചർച്ച ചെയ്യണമെന്ന് മാത്യു കുഴൽനാടൻ; മഹാത്മ ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചതെന്ന് മന്ത്രി ബിന്ദു

bindu

വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ. നോർക്കയുടെ മൈഗ്രേഷൻ സർവേയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് മാത്യു കുഴൽനാടന്റെ ആവസ്യം

എന്നാൽ സ്റ്റുഡന്റെ മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ് കേരളത്തിൽ. കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ല. മഹാത്മാ ഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും ആർ ബിന്ദു പറഞ്ഞു

എന്നാൽ ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നുപോകണമെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്‌നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. 

എന്നാൽ ഇവിടെ നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെടണമെന്ന് പ്രതിപക്ഷ അംഗം അടക്കം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വിദേശരാജ്യത്ത് ലോ ഇൻകം ജോലിക്കാണ് പോകുന്നത്. വിദ്യാർഥികൾ പുറത്തുപോയി പഠിക്കട്ടെ, അവർ രാജ്യത്തിന് സംഭാവന ചെയ്യട്ടെ. ചർച്ചയുടെ ആവശ്യമില്ലെന്നും പല ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്നും മന്ത്രി പറഞ്ഞു.
 

Share this story