'മാനസികമായി പീഡിപ്പിച്ചു, പെപ്പർസ്പ്രേ അടിച്ചു, കുറ്റം തല്ലി സമ്മതിപ്പിച്ചത്'; പൊലീസിനെതിരെ അഫ്സാന

പത്തനംതിട്ട: ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നൽകിയ കേസിലെ പ്രതി അഫ്സാന പൊലീസിനെതിരെ രംഗത്ത്. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും പെപ്പർ സ്പ്രേ പ്രയോഗിച്ചുവെന്നും അഫ്സാന മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അഫ്സാന പൊലീസിന് മൊഴി നൽകിയിരുന്നത്. പിന്നീട് നൗഷാദിനെ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഫ്സാന പറഞ്ഞു.
പൊലീസ് പറയുന്നതാണ് താൻ ചെയ്തത്. പൊലീസ് പറഞ്ഞിട്ടാണ് കൊന്നുവെന്ന് സമ്മതിച്ചത്. കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്ന് പറഞ്ഞു. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞുവെന്നും അതുകൊണ്ട് മാത്രമാണ് കൊന്നുവെന്ന് സമ്മതിച്ചതെന്നും അഫ്സാന വ്യക്തമാക്കി. തനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്. വാർത്തകൾ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങൾ ചാർത്താൻ ആണെന്ന് മനസ്സിലായത്.
രണ്ട് ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാൻ അനുവദിച്ചില്ല. പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണ് വിളിച്ചിരുന്നത്. വനിതാ പൊലീസും ഉയർന്ന പൊലീസുകാരുമടക്കം അടിച്ചു. വായിലേക്ക് പെപ്പെർ സ്പ്രേ പ്രയോഗിച്ചു. ഇല്ലാത്ത കാര്യങ്ങളെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് താൻ വാടക വീടിനുള്ളിലും പുരയിടത്തിലും സ്ഥലങ്ങൾ കാണിച്ചുകൊടുത്തത്.
പൊലീസ് പറയുന്നിടത്ത് കൂടെച്ചെല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ മൂന്ന് മണിക്കാണ് എന്നെ സ്റ്റേഷനിൽ കൊണ്ടുവന്നത്. ഉറങ്ങരുതെന്നും ഉറങ്ങിയാൽ അടിക്കണമെന്നും പറഞ്ഞേൽപ്പിച്ചിരുന്നു. അങ്ങനെ കുറേ അടികൊണ്ടു. അവസാനം നൗഷാദിനെ കൊന്നുവെന്ന് സമ്മതിക്കുകയായിരുന്നു. അവർ പള്ളിയിൽ പോയപ്പോൾ കൂടെ പോയി. ആ വാടക വീട്ടിൽ ചെല്ലുമ്പോൾ അതിന്റെ അകം മുഴുവൻ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. പൊലീസ് പറഞ്ഞിടത്താണ് മൃതദേഹം കുഴിച്ചിട്ടെന്ന് കാണിച്ചുകൊടുത്തത്. ആ കുറ്റങ്ങളെല്ലാം തന്റെ മേലിൽ ചാർത്താൻ ആണെന്ന് പിന്നെയാണ് അറിയുന്നത്.
നൗഷാദിനെ എവിടെ കണ്ടാലും അറിയിക്കണമെന്നാണ് തന്നോട് പൊലീസ് പറഞ്ഞിരുന്നത്. നൗഷാദിനെ കണ്ടത് സിഐയെ വിളിച്ച് അറിയിച്ചു. പിറ്റേന്ന് പത്ത് മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് പറയുന്നുണ്ടായിരുന്നില്ല. സ്റ്റേഷനിലെത്തി ആദ്യം നല്ലതുപോലെയാണ് പൊലീസുകാർ പെരുമാറിയത്. പിന്നീടാണ് തന്നോട് മോശമായി പെരുമാറിയതെന്നും അഫ്സാന പറഞ്ഞു. പിന്നെ വീട്ടിലേക്ക് വിട്ടില്ല. ഒപ്പം വന്ന വാപ്പയെയും ഇളയ കുഞ്ഞിനെയും പറഞ്ഞയച്ചു. ഒടുവിൽ കുറ്റം സമ്മതിച്ചപ്പോൾ ഉമ്മയെയും കുഞ്ഞിനെയും കാണാൻ അനുവദിച്ചുവെന്നും അഫ്സാന പറഞ്ഞു. നൗഷാദ് മദ്യപിക്കുകമായിരുന്നുവെന്നും അയാൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും അഫ്സാന വ്യക്തമാക്കി.