മത്സ്യത്തൊഴിലാളികളോട് മന്ത്രിമാർ കാണിച്ചത് ഷോ; കേസെടുത്ത മുഖ്യമന്ത്രി നാടിന് അപമാനം: സുധാകരൻ

മുതലപ്പൊഴിയിൽ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കൽപ്പിച്ച മന്ത്രിമാരും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മത്സ്യത്തൊഴിലാളികൾ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നുവെങ്കിൽ മുമ്പ് പിണറായി വിജയൻ ഓടിയതുപോലെ ഇവർക്കും ഓടേണ്ടി വരുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു
മൂന്ന് സഹജീവികൾ കടലിൽ ജീവന് വേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതി വൈകാരിക അന്തരീക്ഷത്തിൽ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിന് പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. മന്ത്രിമാർ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാണിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.