കാലവർഷം നാളെയോടെ; ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Jun 3, 2023, 11:28 IST

സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാലവർഷം നാളെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ 3 മുതൽ ജൂൺ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.