വീണ വിജയനെതിരായ മാസപ്പടി വിവാദം പുതുപ്പള്ളിയിൽ അവതരിപ്പിക്കും: പിഎംഎ സലാം

വീണ വിജയനെതിരായ ആക്ഷേപത്തിൽ യുഡിഎഫ് പിന്നോട്ടുപോയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ ഈ വിഷയം അവതരിപ്പിക്കും. മാസപ്പടി ആരോപണം ഗൗരവത്തിൽ അന്വേഷിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാം. പാർട്ടി പ്രവർത്തനങ്ങൾക്കായി നേതാക്കൾക്ക് വാങ്ങാം. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും സലാം പറഞ്ഞു.
താനൂർ കസ്റ്റഡി മരണത്തിൽ പൊലീസ് കൊലയാളികളായി മാറി. ക്വട്ടേഷൻ സംഘങ്ങൾ പോലെയായി പൊലീസ് മാറി.താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ല. താമിറിനെ കൊണ്ടുപോയ സമയത്ത് പൊലീസ് മദ്യപിച്ചിരുന്നു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കസ്റ്റഡി കൊലപാതകത്തിന് കേസ് എടുക്കണം. മലപ്പുറം ജില്ലയെ എസ്പിയുടെ നേതൃത്വത്തിൽ ഭീകര ജില്ലയാക്കി മാറ്റുകയാണെന്നും സലാം പറഞ്ഞു.