ബസിനുള്ളിലെ സദാചാര ആക്രമണം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്‌പെൻഷൻ

കാട്ടാക്കയിൽ യുവാവിനെ കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് മർദിച്ച കണ്ടക്ടർക്ക് സസ്‌പെൻഷൻ. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെതിരെയാണ് നടപടി. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്ന് കെഎസ്ആർടിസി കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം.
ബാലരാമപുരം സിസിലിപുരം സ്വദേശിയായ റിതിക് കൃഷ്ണനെയാണ് ബിഎംഎസ് നേതാവ് കൂടിയായ സുരേഷ് കുമാർ മർദിച്ചത്. യുവാവിന്റെ പരാതിയിൽ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിതികും സുഹൃത്തായ പെൺകുട്ടിയും ഒരു സീറ്റിൽ ഇരുന്നതിനായിരുന്നു കണ്ടക്ടറുടെ സദാചാര ആക്രമണം
ഇവരെ നോക്കി അനാവശ്യം പറഞ്ഞത് റിതിക് ചോദ്യം ചെയ്തതോടെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഷർട്ടിൽ പിടിച്ച് തള്ളിയിട്ട് ചവിട്ടുകയുമായിരുന്നു. ബസിലുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യാത്രക്കാരോട് മോശമായി പെരുമാറിയതിന് ബിഎംഎസ് നേതാവായ ഇയാൾക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിട്ടുണ്ട്.