കൊച്ചിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കി
Jul 7, 2023, 08:47 IST

എറണാകുളം ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. ചമ്പക്കര സ്വദേശിനി അച്ചാമ്മ എബ്രഹാം(77)ആണ് കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം. തുരുത്തി അമ്പലത്തിന് സമീപത്തുള്ള ബ്ലൂ ക്ലൗഡ് ഫ്‌ളാറ്റിൽ വെച്ചാണ് സംഭവം. ഫ്‌ളാറ്റിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്നാണ് അയൽവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു
മണിക്കൂറുകളോളം വിനോദ് കൊലവിളി മുഴക്കിയ ശേഷമാണ് ദാരുണമായ കൊലപാതകം നടന്നത്. ഇയാളെ അനുനയിപ്പിക്കാൻ അയൽവാസികൾ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോലീസ് എത്തി ഫ്‌ളാറ്റിനുള്ളിലേക്ക് കയറിയപ്പോഴേക്കും അച്ചാമ്മ കൊല്ലപ്പെട്ടിരുന്നു. വിനോദിനെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.