യുപിയിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; മാപ്പ് ചോദിച്ച് അധ്യാപിക

teacher

ഉത്തർപ്രദേശിലെ മുസഫർപൂരിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയതായി അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക പറഞ്ഞു. ഇന്നലെ താൻ  സംഭവത്തിൽ ലജ്ജിക്കുന്നില്ല എന്നായിരുന്നു തൃപ്തയുടെ പ്രതകിരണം. 

അധ്യാപികയായി താൻ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ തനിക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഹോം വർക്ക് ചെയ്യാത്തതിനാണ് കുട്ടിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ചത് എന്നാണ് ഇവർ പറഞ്ഞിരുന്നത്. 

അതേസമയം അധ്യാപികക്കെതിരായ കേസ് പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. ഇത്രയും വിവാദമായിട്ടും കുടുംബത്തെ ഒന്ന് വിളിക്കാൻ പോലും അധ്യാപിക തയ്യാറായില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
 

Share this story