മുഴുപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത 11കാരനെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നു

കണ്ണൂർ മുഴുപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നു. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതരയോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകലോടെ ബോധരഹിതനായ നിലയിൽ കണ്ടത്. കുട്ടിയെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
വീട്ടിൽ നിന്ന് 300 മീറ്റർ അകലെയാണ് കുട്ടി ചോര വാർന്നു കിടക്കുന്ന നിലയിൽ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. ഓട്ടിസം ബാധിച്ച്, സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാൻ പോലുമാകാതെയാണ് നിഹാൽ നായ്ക്കളുടെ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയത്. വൈകിട്ട് സമീപത്ത് നിന്ന് തെരുവ് നായ്ക്കളുടെ ബഹളം കേട്ടതായി സമീപവാസികൾ പറയുന്നു.
ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥിയാണ് നിഹാൽ. മരണവിവരം അറിഞ്ഞ് ബഹ്‌റൈനിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.