ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് എം.വി ഗോവിന്ദൻ

CPIM

കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിന് എതിരെ പതിവ് പല്ലവിയുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. ഇഡി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. എന്നാല്‍, തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇഡി നടത്തുന്ന പല കേസുകളിലെ അന്വേഷണത്തില്‍ ഒരറ്റത്ത് കെ സുധാകരനും മറ്റൊരറ്റത്ത് രാഹുല്‍ ഗാന്ധിയും ഉണ്ടാകുമെന്നും പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പ്രേരിതമെന്ന തന്റെ വാദത്തെ ഗോവിന്ദന്‍ ന്യായീകരിച്ചത്.

‘ഇന്ത്യ’ സഖ്യത്തില്‍ സിപിഎം ഉണ്ടാകും. കോണ്‍ഗ്രസുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ബാങ്ക് തട്ടിപ്പില്‍ സി.പി.ഐ മാത്രമല്ല പല ബോര്‍ഡ് അംഗങ്ങളും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാര്‍ട്ടി നിലപാട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ല’, ഗോവിന്ദന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കടക്കം തൃശൂരിലും എറണാകുളത്തുമായി ഒന്‍പത് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് തുടരുന്നുണ്ട്.

Share this story