ഇന്ത്യ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ

govindan

ഇന്ത്യ മഹാസഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ മഹാസഖ്യത്തിലെ 28 പാർട്ടികൾക്കൊപ്പം ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മും ഉണ്ട്. ഇന്ത്യ എന്ന ബിജെപി വിരുദ്ധ രാഷ്ട്രീയ മഹാസഖ്യത്തിൽ ഏറ്റവും ശക്തിമത്തായ നിലയിൽ സിപിഎം ഉണ്ടാകും. വിശാലമായ വ്യവസ്ഥിതിയാണത്. അതിൽ ഞങ്ങളുമുണ്ട്. ഇപ്പോൾ തന്നെ 28 പാർട്ടികളുണ്ട്. ഈ വിശാലമായ സഖ്യത്തിൽ അവർക്കൊപ്പം ഞങ്ങളുമുണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

കോൺഗ്രസുമായി വേദി പങ്കിട്ടാൽ എൽഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുർബലമാകില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തോടും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഓരോരുത്തർക്കും അവരവരുടേതായ നിലപാടുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുത്തത് കൊണ്ടാണല്ലോ പരിപാടി നടത്തുന്നത്. ബിജെപിയെ താഴെയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിർക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടി പ്രവർത്തിക്കുന്ന ഇന്ത്യ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story