നവകേരള സദസ് അശ്ലീല നാടകം, ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ച: സതീശൻ

satheeshan

നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സർക്കാർ അത് മറയ്ക്കാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നു. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക്തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ല

കുഞ്ഞുങ്ങൽക്ക് സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സർക്കാരാണ് കെട്ടുകാഴ്ചകളുമായി മുന്നോട്ടു പോകുന്നത്. യുഡിഎഫിലെ ഒരാൾ പോലും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും സതീശൻ പറഞ്ഞു. രാജഭരണമാണ് കേരളത്തിൽ നടക്കുന്നത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ മുഖ്യമന്ത്രി-ഗവർണർ തർക്കമെന്ന നാടകം എപ്പോഴും വരും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും സതീശൻ പറഞ്ഞു.
 

Share this story